Monday, May 2, 2016

ജാഗ്രതൈ...!!!



സ്കൂളില്‍ പഠിക്കുന്ന കാലത്താണ് എനിക്ക് എഴുത്തിന്‍റെ അസുഖം പിടിക്കുന്നത്. പ്ലസ്‌ ടു-വില്‍ ചേര്‍ന്ന കാലത്ത് അത് കലശലായി. അതിനു ചേര്‍ന്ന കുറെ കൂട്ടുകാരും. ആ സമയത്താണ് ഷെര്‍ലോക്ക് ഹോംസ് കഥകള്‍ വായിക്കുന്നതും, അത് പോലെ ഒരു കുറ്റാന്വേഷണ നോവല്‍ എഴുതണം എന്ന് ആഗ്രഹം തോന്നുന്നതും. മറ്റൊരു ഹോംസ് ഫാന്‍ ആയ എന്‍റെ സഹപാഠി ഋഷിയുടെ പ്രോത്സാഹനം, പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ ഏറ്റവും നല്ല എഴുത്തുക്കാരനും, പഠിപ്പിസ്റ്റ് ആണെങ്കിലും ആ വര്‍ഗ്ഗത്തിന്റെ ചീത്തപേര് കേള്പ്പിക്കാത്തവാനുമായ ധനൂപിന്റെ പിന്തുണ...

അങ്ങനെ 2004 ജനുവരി 21നു ആ പതിനാറുകാരന്‍ നോവല്‍ എഴുതാന്‍ ആരംഭിച്ചു. ഓരോ അദ്ധ്യായവും വായിച്ചു പ്രോത്സാഹിപ്പിച്ച ജോ, ജുബിന്‍, ജിം, സുകു, ഹണി, നിതിന്‍, അങ്ങനെ S2C സഹപാഠികള്‍... പക്ഷെ 92 പേജുകള്‍ (16 അദ്ധ്യായങ്ങള്‍) എഴുതിയപ്പോള്‍ പ്ലസ്‌ ടു ജീവിതം കഴിഞ്ഞു. പിന്നെ ഏറ്റുമാനൂര്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് നാളുകള്‍ക്കു ശേഷം എന്‍റെ നോവല്‍ സംരംഭത്തെ കുറിച്ച് അറിഞ്ഞ സഹപാഠികള്‍ എഴുതിയ 16 അദ്ധ്യായങ്ങള്‍ വായിക്കുകയും, അത് പൂര്‍ത്തീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജോണ്‍, ജോജോ, സജിത്ത്, ആശ, രമ്യ, രാജേഷ്‌, നജീബ്, സൈജോ, മഞ്ജു, പ്രതീഷ് തുടങ്ങിയവരുടെ നിര്‍ബന്ധത്താല്‍ ഞാന്‍ അത് വീണ്ടും എഴുതി തുടങ്ങി ഒടുവില്‍ 2006 ഫെബ്രുവരി 14നു പൂര്‍ത്തീകരിച്ചു. 165 പേജുകളും, 25 അധ്യായങ്ങളും.... അന്ന് തന്നെ ക്ലാസ്സിലെ വാലന്‍ന്റൈന്‍ ഡേ ആഘോഷത്തില്‍ നോവല്‍ പ്രകാശനവും ചെയ്തു. "എഴുതി പൂര്‍ത്തിയാക്കിയ ശേഷം വെറും 45 മിനിട്ടുകള്‍ക്ക് ശേഷം റിലീസായ ലോകത്തിലെ ആദ്യ നോവലും ഒരു പക്ഷെ ഇതാവും..."

ഇത്രയൊക്കെ കേട്ടിട്ട് വല്യ പ്രതീക്ഷയോടെ ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കാന്‍ തയ്യാറായി ആണ് നിങ്ങള്‍ ഇരിക്കുന്നെങ്കില്‍, നിങ്ങള്‍ നിരാശപെടേണ്ടി വരും... ഒരു പതിനാറുകാരന്‍ എഴുതിയ നോവല്‍ എന്നതിനപ്പുറം വല്യ പ്രതീക്ഷ ഒന്നും അരുത്. പത്തു വര്‍ഷത്തിനു ശേഷം ആ നോവല്‍ എടുത്തു വായിച്ച ഞാന്‍ തന്നെ ചിരിച്ചു പോയി. പിന്നെ ഞാന്‍ പറഞ്ഞു വന്നത്, ഞാന്‍ ആ നോവല്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു (കുറെ നാള്‍ ആയി ആലോചന ഉണ്ടായിരുന്നു). വരും ദിവസങ്ങളില്‍ ഓരോ അധ്യായങ്ങളായി www.jaagrathai.blogspot.in എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പുതിയ അദ്ധ്യായങ്ങള്‍ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എന്‍റെ ഫേസ്ബുക്ക്‌ പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് കേട്ടോ... എന്‍റെ മറ്റു മൂന്നു ബ്ലോഗുകളുടെ ലിങ്കുകള്‍ www.joshykurian.com/#blog എന്ന പേജില്‍ ലഭ്യമാണ്.